Who will protect Kerala Forests ? കേരളത്തിലെ വനം ആര് സംരക്ഷിക്കും?
ഇടതു പക്ഷ ഗവര്‍മെന്റ് അധികാരത്തില്‍ ഏറിയതിന് ശേഷം വനം വകുപ്പ് നടപ്പിലാക്കിയ പരിപ്പാടികളാണ് വിശദീകരിച്ചത്. “എന്റെ മരം“, “നമ്മുടെ മരം“, “ഹരിത തീരം“ തുടങ്ങിയ പദ്ധതികള്‍ക്ക് ശേഷം ഈ വര്‍ഷം “ഹരിത കേരളം“ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്. പദ്ധതി വിശദീകരണത്തിന് മുന്‍പ് ചര്‍ച്ചക്ക് തുടക്കമ്മിട്ട “ഒരു ജീവന്‍, ഒരു ഭൂമി” യുടെ ടോണി തോമസ് അതിശക്തമായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകളെ അക്കമിട്ട് നിരത്തിയശേഷം അതേ രീതിയില്‍ “വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ” യുടെ വാദങ്ങളും നിവേദനവും മന്ത്രിക്ക് സമ്മര്‍പ്പിച്ചു. അവതരണ വേളയില്‍ മന്ത്രി വികാര വിക്ഷുബ്ധനായി. തുടര്‍ന്ന് മറ്റനേകം പേരും നിരവധി വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. അടിയന്തര പ്രാധാന്യം കല്‍പ്പിച്ച് നടപ്പടി എടുക്കുന്നതിന് “വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ” യുടെ ദക്ഷിണേന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന്‍ രേഖാമൂലം നല്‍കിയ നിവേദനത്തിലെ ഉള്ളടക്കം ചുവടെ:
(1)
തൂത്തമ്പാറ വനഭൂമിയെ എസ്റ്റേറ്റ് ആക്കി നില നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ച് അവിടത്തെ കാപ്പി ചെടികളും മറ്റും വെട്ടിമാറ്റി സ്വാഭാവിക വനമാക്കി മാറ്റുക.
(2)
തൂത്തമ്പാറയുടെ സംരക്ഷണ ചുമതലയുള്ള ഉദ്ദോഗസ്ഥരെ എസ്റ്റേറ്റ് ഉദ്ദോഗസ്ഥരുടെ പണി എടുപ്പിക്കാതിരിക്കുക.
(3)
തൂത്തമ്പാറയിലെ ജല സ്രോതസ്സ് പറമ്പിക്കുളം നെല്ലിയാമ്പതി വന മേഖലകളിലെ വന്യ ജീവികള്‍ ഉപയോഗിക്കുന്നതു കൊണ്ടും അപൂര്‍വ്വ - വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ ഉള്ളതുകൊണ്ടും, തൂത്തമ്പാറയെ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ കോര്‍ ഏരിയയില്‍ ഉള്‍പ്പെടുത്തുക . ( ഇതു സംബന്ധിച്ച് ഞങ്ങള്‍ നല്‍കിയ അനേകം കത്തുകള്‍ ഓര്‍ക്കുമല്ലോ ) തൊഴിലാളികളെ വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക.
(4)
പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ വ്യാപ്തി കൊല്ലങ്കോട്, നെല്ലിയാമ്പതി വനഭൂമികളെ കൂടി ഉള്‍പ്പെടുത്തി നടപ്പില്‍ വരുത്തുക.
(5)
സ്വകാര്യ ഭൂമിയില്‍ വൃക്ഷം നട്ടുപിടിപ്പിക്കല്‍ പ്രോത്സാഹന നിയമത്തില്‍ അമ്പത് വില്ലേജുകളെ മാത്രം ഉള്‍പ്പെടുത്തി നിയമത്തെ ദുര്‍ബലപ്പെടുത്തിയ നടപടി മൂലം ഉണ്ടായ വൃക്ഷങ്ങളുടെ നാശം അങ്ങേക്കു തന്നെ ബോദ്ധ്യപ്പെട്ടുള്ളതുകൊണ്ട് നിയമത്തില്‍ ഇനിയെങ്കിലും വൃക്ഷങ്ങളെ സംരക്ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക.
(6)
അട്ടപ്പാടിയിലെ കുന്നിടിച്ചും, വനഭൂമി കൈയേറിയും, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും നടത്തുന്ന കാറ്റാടിപ്പാടങ്ങളും വൈദ്യുതി ഉത്പാദന പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിരോധിക്കുക.
(7)
വനം കേസുകള്‍ നിരന്തരമായി തോറ്റുകൊണ്ടിരിക്കുന്നത് വിശകലനം ചെയ്ത്, വിജയിക്കാന്‍ വേണ്ടി കേസ്സുകള്‍ നടത്തുക.
(8)
ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റി / വനസംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം വനസംരക്ഷണത്തിനുതകുന്ന രീതിയില്‍ ശക്തിപ്പെടുത്തുക.
(9)
പെരിയാര്‍ കടുവാ സങ്കേതത്തിലെ രണ്ട് കടുവകളുടെ മരണത്തിലെ ദുരൂഹതയും ഈ അടുത്ത കാലത്ത് 9 ആനകളുടെ മരണവും അടിയന്തര പ്രാധാന്യത്തോടെ പഠിച്ച് പ്രശ്നപരിഹാരം കാണുക. കോര്‍ ഏരിയയിലെ ഭീഷണിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി സംരക്ഷണം ഉറപ്പുവരുത്തുക.
(10)
അനിയന്ത്രിതമായ കാട്ടുതീ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുന്നത് അന്വേഷണ വിധേയമാക്കുക.
(11)
നാട്ടാന പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഇതുവരെ സാധിക്കാത്തത് അന്വേഷണ വിധേയമാക്കുക: പരിപാലനവും സംരക്ഷണവും ഉറപ്പുവരുത്തുക.
(12)
മനുഷ്യരും മൃഗങ്ങളും (ആന, പുലി ) തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടി വരുന്നതിന് പരിഹാരം ഇതു വരെ ആയില്ല.
(13)
തീവണ്ടി അപകടം മൂലം കാട്ടാനകള്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച പ്രശ്നപരിഹാരങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുക.
(14)
ശബരിമലയില്‍ വനഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത് ശരിയായില്ല. സ്വാമി അയ്യപ്പന്‍ റോഡിന്റെ അവസ്ഥ നേരില്‍ തന്നെ അങ്ങ് പോയി കാണണം.
(15)
പൂമ്പാറ്റ കള്ളക്കടത്ത് ഇപ്പോഴും അനസ്യൂതം നിലമ്പൂരും നാടുകാണിയിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നേരത്തെപിടിച്ച കേസ് ദുര്‍ബലപ്പെടുത്തിയത് എന്തു കൊണ്ട്?
(16)
ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ് ( ഇ.എഫ്.എല്‍) ന്റെ നിയമ പരിധിയില്‍ അഞ്ചേക്കര്‍ വരെയുള്ള ഭൂമി ഒഴിവാക്കിയത് ഒരിക്കലും നീതികരിക്കാനാവില്ല. ( ഒരേക്കര്‍ വരെ ആണെങ്കില്‍ പോലും അതില്‍ ന്യായമുണ്ടായിരുന്നു.) ഇ.എഫ്.എല്‍ ന്റെ നിര്‍വചനം തന്നെ മാറ്റേണ്ടിയിരിക്കുന്നു.
(17)
ഉറവമ്പാടി, മെഴുകുമ്പാറ തുടങ്ങിയ അനേകമനേകം പ്രദേശങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട്, വനത്തിന്റെ ഭാഗമാക്കുക.
(18)
തമിഴ് നാട്ടിലെ പഴനിമല നിരകളിലെ ആന വേട്ട, ഊട്ടിയിലെ കടുവാ-പുലിത്തോല്‍ പിടിച്ചെടുക്കല്‍ തുടങ്ങി വയനാട് അതിര്‍ത്തിയിലെ വേട്ട തുടങ്ങിയവ പഠനവിധേയമാക്കി അന്തര്‍ സംസ്ഥാന കുറ്റവാളികളെ പിടികൂടാന്‍ അടിയന്തിര പ്രാധാന്യം നല്‍കുക.
(19)
കടലോരങ്ങളിലെ ഡോള്‍ഫിന്‍, കടലാമ വേട്ട അനസ്യൂതം തുടരുന്നത് തടയാന്‍ വേണ്ടി പ്രവര്‍ത്തിക്കുക.
തുടങ്ങി അനേകം പ്രശ്നങ്ങളില്‍ താങ്കളുടെ അടിയന്തര ശ്രദ്ധയുണ്ടായി, വനം മന്ത്രി വനം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം അങ്ങേക്ക് അയക്കുന്ന കത്തുകള്‍ക്ക് മറുപടിയെങ്കിലും അയക്കാന്‍ ദയവുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
====================
മറുപടി പ്രസംഗത്തില്‍ പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ടി.എം.മനോഹരന്‍ IFS, മുകളില്‍ പറഞ്ഞ ഒട്ടുമിക്ക വിമര്‍ശനങ്ങളോടും യോജിക്കുകയും, ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ നടപ്പിലാക്കൂ എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മന്ത്രി ബിനോയ് വിശ്വം ആകട്ടെ, വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതിന് പകരം വിമര്‍ശകരോട് ദേഷ്യപ്പെട്ട് കയര്‍ത്ത് സംസാരിക്കുകയാണ് ചെയ്തത്. വീണ്ടും ഒരു മറുപടി നല്‍കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുനിയാതിരുന്നത് മന്ത്രിക്ക് തുണയായി.
നാളെ ( 26 ഏപ്രില്‍ 2009 ) ഉത്തര മേഖല പരിസ്ഥിതിപ്രവര്‍ത്തക സംഗമത്തിലും മെയ് അഞ്ചിനുള്ള ദക്ഷിണ മേഖല സംഗമത്തിലും മന്ത്രിക്ക് ഇത്തരം പ്രതികരണം കാത്തിരിക്കുകയാണ്. വനം മന്ത്രി വനം സംരക്ഷിക്കുന്നതിന് പകരം വനനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൌനാനുവാദം നല്‍കുന്നു എന്നതാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ഐക്യകണ്ഠമായ നിഗമനം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിശ്ചായ മാറ്റി യഥാര്‍ത്ഥ “വനം മന്ത്രി” ആയി മാറികിട്ടാനാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെയും ബഹുഭൂരിപക്ഷം വനം വകുപ്പ് ഉദ്ദോഗസ്ഥരുടെയുംപ്രാര്‍ത്ഥന. Rate this Article:
Posted on 26 April 09 by PalakkadNews